Monday, September 29, 2008

രചനാനുഭവം - ആട്ടക്കലാശം.

നാടകദാഹികളുടെ ആദ്യത്തെ ഒന്നു രണ്ടു യോഗങ്ങൾ മന്ത്രിസഭാ യോഗങ്ങൾ പോലെ എങ്ങും എങ്ങും എത്താതെ പിരിഞ്ഞു. സ്വന്തമായി എന്തെങ്കിലും എഴുതി ഉണ്ടാക്കുന്നതു ഇത്ര കടുപ്പമേറിയ പണിയാണെന്നു പാവം ഞങ്ങൾക്കു അറിയില്ലായിരുന്നല്ലൊ. രാമായണം മുതൽ മലയാള സിനിമ വരെ പലതിൽ നിന്നും ഒരു കഥ അടിച്ചു മാറ്റാൻ ഞങ്ങൾ പല്ലും നഖവും ഉപയോഗിച്ച് ശ്രമം നടത്തി. അവയെല്ലാം ദാരുണമായി പരാജയപ്പെട്ടു. ഒടുവിൽ ആ സത്യം ഞങ്ങൾ മനസ്സിലാക്കി..

മുൻഷിയുടെ സംവിധായകൻ അനിൽ ബാനർജി മനസ്സിലാക്കിയ സത്യം...
“നമ്മൾ തമ്മിൽ“ ഓടി നടന്നു നടത്തിക്കൊണ്ടു പോകുന്ന ശ്രീകണ്ഠൻ നായർ മനസ്സിലാക്കിയ സത്യം.

ആശയദാരിദ്ര്യം നേരിടുമ്പോൾ അവസാനത്തെ ആശ്രയം “സമകാലികം” തന്നെ പാരിൽ.
അങ്ങനെ അന്നത്തെ സമകാലിക സംഭവങ്ങളെല്ലാം മേശപ്പുറത്തു നിരന്നു...
പാമോയിൽ , ഐസ്ക്രീം , കോള , മുത്തങ്ങ , സൂപ്പർ ലോട്ടോ , മാറാട് , റാഗിങ്ങ് , ജിം , ലാവലിൻ , ഹർത്താൽ , ബന്ദ് , ലീഡറിന്റെ ലീലകൾ , കാവി - ചുവപ്പു യുദ്ധം , സ്ത്രീധനം , സ്ത്രീ സീരിയൽ , സ്ത്രീ പീഡനം എന്നു വേണ്ട തമ്പാനൂരിലെ വെള്ളപ്പൊക്കം വരെ പുതിയതും പഴയതുമായ പല സമകാലികന്മാരേയും ഞങ്ങൾ കൂലംകശമായി അവലോകനം ചെയ്യ്തു. ഇവയിലേതെങ്കിലും ഒന്നിനെ , ഒരു നാടകമാക്കി രൂപാന്തരം പ്രാപിപ്പിക്കാൻ പറ്റുമോ എന്നു ഒറ്റയ്ക്കും , കൂട്ടമായും കുത്തിയിരുന്ന് ചിന്തിച്ചു. ചിന്തയ്ക്കു ഭയങ്കര ക്വാളിറ്റി ആയതു കൊണ്ട് അതു തുടങ്ങിയിടത്തു തന്നെ നിന്നു.

ആ സ്ക്രിപ്റ്റില്ലായ്മ ഞങ്ങളെ വല്ലാതെ അലട്ടി. ആ അലട്ടൽ പതിവു പോലെ ഞങ്ങളെ എത്തിച്ചതു സ്വാഗത് ബാറിലായിരുന്നു. റൌണ്ട് ഒന്ന്. എല്ലാവരും നിശബ്ദർ. കയ്യിൽ ഗ്ലാസുമായി വിദൂരതയിലേക്കു നോക്കി ഇരിക്കുന്നു. നാടക മത്സരത്തിൽ ഞങ്ങളുടെ ടീം വാക്കോവർ നൽകേണ്ടി വരുമെന്നു ഞാൻ ഏതാണ്ട് ഉറപ്പിച്ചു. ഒരു പടം പിടിക്കാനായി വർഷങ്ങൾക്കു മുൻപേ തന്നെ ലാലേട്ടന്റെ ടേറ്റും വാങ്ങിയ ശേഷം , ഒടുവിൽ ടേറ്റടുത്തിട്ടും കഥ പോയിട്ട് ഒരു തിരക്കഥാകൃത്തിനെ പോലും കിട്ടാതെ , ഏതെങ്കിലും ബാറിന്റെ ഇരുട്ടിൽ അന്തം വിട്ട് കുന്തം വിഴുങ്ങിയ പോലെ ഇരിക്കുന്ന സ്ഥിരം മലയാള സിനിമ നിർമ്മാതാവിന്റെ അവസ്ഥായായിലായിരുന്നു ഞങ്ങൾ.

പിന്നിടുള്ള റൌണ്ടുകളില്‍ പാമ്പുകൾ മെല്ലെ ഇഴഞ്ഞു തുടങ്ങി. പാമ്പുകള്‍ ഐഡിയകള്‍ കൊണ്ട് വരും എന്നാണല്ല്ലോ ബാര്‍ സങ്കല്പം. സങ്കല്പം തെറ്റിക്കേണ്ടി വന്നില്ല.

ബാറിൽ നല്ല തിരക്കയിരുന്നു. അടുത്ത ദിവസം ഹർത്താലാണു പോലും. സർക്കാർ ജീവനക്കാർ കമ്പ്ലീറ്റ് , ശമ്പളം കിട്ടിയില്ലെന്ന നിസ്സാര കാര്യത്തിനു ആന്റ്ണിക്കെതിരെ സമരം ചെയ്യ്തുകൊണ്ട് അവരവരുടെ പരിസരപ്രദേശങ്ങളിൽ ബാറുകളിൽ ഇരുന്നു സന്തോഷമായി ആഘോഷിക്കുന്ന സമയം. ആങ്ങനെ ആഘോ‍ഷത്തിൽ പങ്കു ചേരാൻ വന്നവരായിരുന്നു നമ്മുടെ ബാറിലും. എന്നാൽ പിന്നെ ഇനി തീം അന്വേഷിച്ചു നാട് മുഴുവൻ തെണ്ടി നടക്കാതെ ഈ സമരം തന്നെ അങ്ങ് നാടകം ആക്കിയാലോ എന്നു ഞാൻ ചോദിച്ചു. വെള്ളത്തിന്റെ പുറത്ത് പറഞ്ഞതാണെങ്കിലും എല്ലവരും അതു പിന്താങ്ങി എന്നു മാത്രമല്ല അതു എഴുതി ഉണ്ടാക്കുന്ന ജോലി എന്നെ കൊണ്ട് ശിരസ്സാൽ വഹിപ്പിച്ചു. പുലിവാലൂ പിടിച്ചു എന്നു പറഞ്ഞാൽ മതിയല്ലോ...ഇതിനു മുൻപ് ആകെ എഴുതിയിട്ടുള്ളതു കുറച്ച് പരീക്ഷകളാണു..അവയിലൊന്നു പോലും അങ്ങനെ ഹിറ്റ് ആയതുമില്ല. വേലിയിലിരുന്ന പാമ്പിനെ എടുത്ത് ബാറിലിരുന്ന പാമ്പിന്റെ തോളിലിട്ടു എന്നു പറഞ്ഞ പോലെയായി.

പരിചയമില്ലാത്ത എന്തു പണിയും ചെയ്യുന്നതിനുള്ള ഒരു കോൺഫിടൻസ് കിട്ടുന്നതിനായി മലയാളി സ്ഥിരം ചെയ്യുന്ന ഒരു പരിപാടിയുണ്ടല്ലൊ , പണി അറിയാവുന്നവർ ചെയ്യ്തു വച്ച വർക്കുകൾ റഫർ ചെയ്യുക. ഞങ്ങളും അതു തന്നെ ചെയ്യ്തു. വിവരമുള്ളവർ എഴുതി വച്ചതും , പല മത്സരങ്ങളിലും സമ്മാനങ്ങൾ കിട്ടിയതും ആയ പല നാടകങ്ങളും വായിച്ചു. എനിക്കു കാര്യമായിട്ടൊന്നും മനസ്സിലായില്ല. പക്ഷെ ഒരു കാര്യം മാത്രം മനസ്സിലായി. ഒരു നാടകം എഴുതി അതു നാട്ടുകാരു മനസ്സിലാക്കണം എന്നൊക്കെ പറഞ്ഞാൽ അതു നടക്കുന്ന കാര്യം അല്ല. മാത്രവുമല്ല ആരെങ്കിലും മനസ്സിലാക്കി ഉള്ള മാനം കപ്പൽ കയറുന്നതിലും നല്ലത് ആർക്കും ഒന്നും മനസ്സിലാവാതെ ഇരിക്കുന്നതാണു. ഒരു ആധുനിക സിമ്പോളിക്ക് ഐറ്റം. അതാണു ബെസ്റ്റ്. അതായിരിക്കണം നമ്മുടെ ലക്ഷ്യം.

പിന്നെ എല്ലാം വളരെ പെട്ടെന്നായിരുന്നു. സർക്കാർ ജീവനക്കാരുടെ സമരം ഭൂമിയിലെ മരങ്ങളുടെ സമരമായി. ശമ്പളത്തിനു വേണ്ടിയുള്ള സമരം മഴയ്ക്കു വേണ്ടിയുള്ള സമരമായി മാറി. ആന്റ്ണിക്കെതിരെയുള്ള സമരം ദൈവത്തിനെതിരെയുള്ള സമരമായി. സർക്കാർ ജീവനക്കാരുടെ സമരം മൂലം പൊതുജനത്തിനുണ്ടായ യാതന , മരങ്ങളുടെ സമരം മൂലം ഭൂമിയിലെ ജീവജാലങ്ങളുടെ യാതനയായി. ഒന്നും പറയണ്ട. സ്വാഗത് ബാറിലിരുന്നു ഞങ്ങൾ എഴുതി വച്ചതു പിന്നീട് ബാറിനു വെളിയിൽ വന്നപ്പോൾ ഞങ്ങൾക്കു പോലും മനസ്സിലായില്ല. “ഭീമൻ ബീടി വലിച്ചു , ഗുരുവായൂരപ്പനു ജലദോഷമായിരുന്നു...” എന്നൊക്കെ പോലെയുള്ള കുറേ ടയലോഗുക്കൾ..

സംഭവം ആധുനികം ആയതു കൊണ്ട് അധികം റിഹേർസലിനൊന്നും ഞങ്ങൾ മെനക്കെട്ടില്ല. വെറുതെ ആവശ്യമില്ലാത്ത പണിക്ക് പോയിട്ട് ഇനി കാണികൾക്ക് വല്ലതും മനസ്സിലായാലോ. ഫൈനൽ സ്റ്റേജിലേക്ക് നേരിട്ട് രംഗപ്രവേശം നടത്തി. വസ്ത്രാലങ്കാരവും കമ്മിയായിരുന്നു. മരങ്ങൾ പച്ച ചായം പൂശിയ മനുഷ്യർ. ദൈവം വെള്ള ചായം പൂശിയ മനുഷ്യൻ. പൊതുജനം ചായം പൂശാത്ത വെറും പച്ച മനുഷ്യൻ.

പക്ഷെ പൊതുജന മനുഷ്യനെ അവതരിപ്പിച്ച ബിനു പച്ചയായ മനുഷ്യനായിരുന്നില്ല. അവൻ സൈഡ് ഗാപ്പിൽ പോയി രണ്ടെണ്ണം ചെലുത്തിയ വിവരം ഞങ്ങൾക്ക് ക്ലൈമാക്സ്സ് സീനിലാണ് മനസ്സിലായത്. അവൻ ഒരു പത്തു പന്ത്രണ്ട് ടയലോഗ് കയ്യിൽ നിന്ന് ഇട്ടതു പോകട്ടെ എന്നു വയ്ക്കാം. കാണികൾക്ക് അതു വരെ ഒന്നും മനസ്സിലാവാത്തതു പോലെ അതും മനസ്സിലായില്ല. പക്ഷെ അവൻ വികാരം സഹിക്കാനാവാതെ കരഞ്ഞ് കളഞ്ഞു.! മോങ്ങി നിലവിളിച്ചു എന്നു തന്നെ പറയാം. എന്താണു സംഭവിക്കുന്നതെന്നു ഞങ്ങൾ മനസ്സിലാക്കാൻ ശ്രമിക്കുന്നതിനിടെ കരഘോഷങ്ങൾ ഒന്നും ഇല്ലാതെ , വളരെ സൈലന്റ് ആയി , ഡീസന്റ് ആയി , ആ നാടകത്തിനു തിരശ്ശീല വീണു.

ഒരു മഴ പെയ്തു തോർന്ന ഫീലിങ്ങ് ആയിരുന്നു എല്ലാർക്കും. ആർക്കും ഒന്നും മനസ്സിലായില്ല എന്നു ഞങ്ങൾക്കുറപ്പായിരുന്നു. ആ ഒരു സമാധാനത്തിൽ ഞങ്ങൾ പാക്കപ്പ് ചെയ്യുന്നതിനിട്യ്ക്ക് ഒരു സംഭവം നടന്നു. കാണികളിൽ രണ്ടു പേർ അഭിനന്ദനവും ആയി എത്തി. ഞങ്ങളുടെ തീം അവർക്കു വളരെ ഇഷ്ട്ടമായി എന്നറിയിച്ചു...! എന്റമ്മേ..അന്നു ചിരിച്ച പോലെ പിന്നീടിതു വരെ ചിരിക്കേണ്ടി വന്നിട്ടില്ല. എന്താണു മനസ്സിലായത് എന്നു ഞങ്ങൾ ചോദിക്കാൻ പോയില്ല. എന്തായിരിക്കും മനസ്സിലായതു എന്നു ചിന്തിച്ച് സമയം കളയാനും പോയില്ല. പിന്നിട് രാത്രി തട്ടുകടയിൽ ദോശ കഴിക്കുമ്പോൾ ഞങ്ങൾ ഇതും പറഞ്ഞ് കുറെ ചിരിച്ചു. പിന്നിട് വീട്ടിൽ പോയി കിടന്നുറങ്ങി.

ഞങ്ങളുടെ സൃഷ്ടിക്കു മൂന്നാം സ്ഥാനം കിട്ടിയ വിവരം രാവിലെ ഉറക്കത്തിൽ നിന്നും വിളിച്ച് ഉണർത്തി അഛൻ പറഞ്ഞപ്പോൾ എനിക്കുണ്ടായ ചേതോവികാരം എന്താണെന്നു വാക്കുകളിലൂടെ വിവരിക്കാൻ മാത്രം കഴിവില്ലാത്തതു കൊണ്ട് ഞാൻ മുതിരുന്നില്ല. പക്ഷെ ഒരു കാര്യം പറയാതെ വയ്യ.

പ്രേക്ഷകന്റെ മനസ്സിൽ നുഴഞ്ഞു കയറി അവന്റെ ഭാവനയുടെ ഗതി തിരിച്ചു വിടാനുള്ള മാന്ത്രികവിദ്യ കണ്ടുപിടിക്കപ്പെടുന്നതു വരെ നാടകവും സിനിമയും പോലുള്ള സൃഷ്ടികളുടെ ജാതകം എഴുതാൻ ഒരു ജ്യോത്സ്യനും മുതിരാൻ പാടില്ല എന്നൊരു മുന്നറിയിപ്പായിരുന്നു ആ രചനാനുഭവം.

4 comments:

mahesh said...

സര്‍ഗ സൃഷ്ടികളുടെ ജാതകം എഴുതുവാന്‍ ശ്രമിക്കുന്ന നിരു‌പക വേഷങ്ങള്‍ക്ക് ഉള്ള ഒരു കൊട്ട് അല്ലേ ഈ പോസ്റ്റ് ? അതോ ഇനിക്ക് തോന്നിയതാണോ ?

എന്തായാലും നാടകം വിജയിച്ചതില്‍ അഭിന്ദനം. പോസ്റ്റും ഗംഭീരം . പാമ്പിന്റെ തോളില്‍ കിടക്കുന്ന പാമ്പിന്റെ രംഗം ഓര്‍ത്ത്‌ ചിരിക്കാന്‍ വക നല്കുനുണ്ട്

harish said...

ഹാവ്വൂ...സമധാനമായി. ആസ്ഥാന നിരൂപകൻ ഓ.ക്കെ പറഞ്ഞല്ലോ. പിന്നെ നിരൂപകന്മാരെ കൊട്ടാൻ മാത്രം ധൈര്യം എനിക്കില്ല സാറേ...ഒരായിരം നന്ദിയുണ്ട് സാർ...
waiting for the latest logs on error(b)log...

Raul said...

hmm kollam.. sambhavam improve ayee... porattee inim....

തിരുവല്ലഭൻ said...

എന്താണ്‌ മാഷേ, ഈയിടയെങ്ങും നമ്മളെ സന്ദർശിക്കാറില്ലല്ലോ?
www.thiruvallabhan.blogspot.com