Showing posts with label നാടകം. Show all posts
Showing posts with label നാടകം. Show all posts

Monday, September 22, 2008

രചനാനുഭവം

ആകാശത്തിലെ പറവകൾ വിതയ്യ്ക്കാറില്ല കൊയ്യാറില്ല എന്നു പറയുന്ന പോലെ എൻജ്ജിനീറിങ്ങ് കോളേജിലെ പിള്ളാരൊന്നും കുളിക്കാറില്ല, ക്ലാസിൽ കേറാറില്ല,പഠിക്കാറില്ല എന്നൊക്കെയുള്ള ആരോപണങ്ങൾ നാട്ടിൽ പരക്കെ ഉണ്ടായിരുന്ന കാലം. അന്നു ഉച്ചയോടെ കോളേജില്‍ എത്തിയ ഞാന്‍ ചന്ദ്രന്‍ അണ്ണന്റെ കടയില്‍ നിന്നും ഒരു ചായയും അടിച്ചു കുന്നിന്‍ മുകളിലെ മഞ്ഞ പെയിന്റ് അടിച്ച ആ കെട്ടിടം ലക്ഷ്യമാക്കി പാഞ്ഞു. പതിവിനു വിപരീതമായി കാമ്പസ്സ് വളരെ ശാന്തം.
എന്നത്തേയും പോലെ പാർക്കിങ്ങ് ലോട്ടിലെ കരിയിലകൾക്കു മീതെ എന്റെ പുഷ്പകവിമാനം പാർക്ക് ചെയ്യ്തു. പാർക്കിങ്ങ് ലോട്ടും ശുന്യം.

പലവിധ ചിന്തകൾ മനസ്സിൽ മീനുകളെ പോലെ നീന്തി നടന്നു.

പെട്ടെന്നു എവിടെ നിന്നോ കർണ്ണകഠോരമായ കുറെ ടയലോഗുകൾ കേട്ടു ഞാൻ ഒന്നു ഞെട്ടി.
മീനുകൾ വീണ്ടും നീന്തി...
അങ്ങനെ മീനുകളുമായി നടന്നു നടന്നു മെയിൻ ബ്ലോക്കിൽ എത്തിയപ്പോഴേക്കും അതിൽ ഒരു മീൻ മാത്രം ബാക്കിയായി. അന്നു ആര്‍ട്സ് ഫെസ്റ്റിവല്‍ ആണെന്നു ആ മീൻ എന്നോടു പറഞ്ഞു...

ആകാംഷാഭരിതരായ സ്റ്റീൽ കസേരകളെ നോക്കി സിവിലിലെ പ്രസാദ് ടയലോഗുകൾ ഒന്നിനു പുറകെ ഒന്നായി തൊടുത്തു വിടുന്നു. “എന്നെ എന്തിനാ ഇങ്ങനെ വിഷമിപ്പിക്കുന്നെ....” എന്ന മുഖഭാവവുമായി ചങ്ങലയിൽ ബന്ധനസ്ഥനായി റെജി സ്റ്റേജിന്റെ ഒരു മൂലയ്ക്കു പരുങ്ങി നിൽക്കുന്നു. എന്താ സംഭവം എന്നറിയാനുള്ള ആകാംഷയില്‍ കുറച്ച് നേരം ഞാനും സ്റ്റീല്‍ കസേരകള്‍ക്കൊപ്പം കൂടി.....

സബ് ടൈട്ടില്‍ ഇല്ലാത്ത ഇംഗ്ലീഷ് പടം കാണുന്ന പോലെ കണ്ണും ചെവിയും ഫുള്‍ ഡെഡിക്കേറ്റടായി ഞാന്‍ ആ നാടകത്തില്‍ മുഴുകാന്‍ ശ്രമിച്ചു. റെജിക്ക് ഒരു കള്ളന്റെ വേഷവും ഭാവവും. ഭാവത്തിനായി അവനു അധികം മെനക്കെടേണ്ടി വന്നിട്ടുണ്ടാവില്ല. പ്രസാദിനാണെങ്കിൽ ഒരു സന്യാസിയുടെ ലുക്ക്. സന്യാസി പാവം കള്ളനെ വല്ലാതെ ഉപദേശിക്കുന്നുണ്ട്. പക്ഷെ അതെന്തിനാണെന്നു മനസ്സിലാവുന്നില്ല. സ്വാമിജിയുടെ വീട്ടിൽ കയറി അവൻ എന്തെങ്കിലും അടിച്ചു മാറ്റി കാണും. ആസാമി അവനെ പിടിച്ചു കെട്ടിയിട്ട് ശേഷം ഉപദേശിച്ചു നേർവഴിക്കു നടത്താനുള്ള ശ്രമിക്കുന്ന ആ രംഗങ്ങൾ , അതര്‍ഹിക്കുന്നതിനേക്കാൾ കൂടുതൽ വികാരം ഏറ്റുവാങ്ങുന്നില്ലേ എന്ന് എന്റെ ഉള്ളിലെ നിരൂപകൻ എന്നോടു ചോദിച്ച പോലെ തോന്നി. പിന്നിടു , സ്റ്റേജിന്റെ പുറകിലെ പൈപ്പിന്റെ ചോട്ടിലിരുന്നു മുഖത്തെ ചായം കഴുകി കളയുകയായിരുന്ന പ്രസാദിനോടു ഞാൻ നിരൂപകൻ പറഞ്ഞ കാര്യം ഒന്നു സൂചിപ്പിച്ചപ്പോൾ അവന്റെ മുഖത്തു ഞാൻ അന്നു വരെ കണ്ടിട്ടില്ലാത്ത ഒരു ഭാവം നിന്നു കത്തിയതല്ലാതെ ഒരു ടയലോഗ് പോലും അവൻ പറഞ്ഞില്ല.
അവനു പൊതുവേ നിരൂപകരോടു വെറുപ്പാണെന്നു ഞാൻ ഊഹിച്ചു.

ഏതൊരുവനും തന്റെ സുഹൃത്തിന്റെ പോസ്റ്റിനു കമന്റു ഇടുന്നതു പോലെ “കലക്കി മോനെ...” , “നന്നായിട്ടിട്ടുണ്ട്..” എന്നൊക്കെ ഞാനും ആ നാടകന്മാരോടു വച്ചു കാച്ചി. തിരക്കു പിടിച്ച (*) പ്രൊഫഷണൽ വിദ്യാഭ്യാസത്തിനിടയ്യ്ക്കും നാടകം എഴുതാനും കളിക്കാനും ഒക്കെ സമയം കണ്ടെത്തിയ എന്റെ കൂട്ടുകാരോടു അന്നെനിക്കു ഒരൽ‌പ്പം അസൂയ തോന്നിയോ ആവോ. ഏതായാലും ഇവിടെ പോസ്റ്റാൻ മാത്രം പ്രാധാന്യം ഉള്ള വ്വേറെ ഒന്നും അന്നവിടെ നടന്നില്ല. അതിനായി ഞാൻ എന്റെ ഓർമ്മയുടെ ഫോർവേർഡ് ബട്ടൺ ഒന്നമർത്തട്ടെ. ഏതാണ്ട് ഒരു ആഴ്ച്ചയോളം ഫോർവേർഡ് ഞെക്കിയ ശേഷമാണു ബാക്കി എഴുതാനുള്ള സ്റ്റുഫ് കിട്ടിയതു....

പ്രസാദിന്റെ നാടകത്തിനു ഒന്നാം സ്ഥാനം കിട്ടിയ വിവരം ഞാൻ ആരോ പറഞ്ഞറിഞ്ഞു. കൊല്ലത്തു വച്ച് നടക്കുന്ന യൂണിവേർസിറ്റി യൂത്ത് ഫെസ്റ്റിവലിൽ കോളേജിനെ പ്രധിനിധീകരിക്കാൻ ഉള്ള അസുലഭ അവസരവും അതിനോടൊപ്പം ഫ്രീ ആയിട്ട് അവനു കിട്ടി. പക്ഷെ കേരളത്തിലെ കാംബസ്സുകളിൽ നാടകം പോലുള്ള ബു:ജി കലകൾക്കു വലിയ മാർക്ക്റ്റു വാല്യൂ ഇല്ലെന്ന സത്യം വൈകിയാണെങ്കിലും അവനു മനസ്സിലാക്കേണ്ടി വന്നു. അവന്റെ കൂടെ കൊല്ലത്തു പോകാൻ റെജിയും ചങ്ങലയും മാത്രമെ ഉള്ളു എന്ന അവസ്ഥയായി. കൂടുതൽ താരങ്ങളെ റിക്ക്രൂട്ട് ചെയ്തു ഒരു മുട്ടൻ നാടകം ഇറക്കി സ്റ്റാർ ആകാം എന്ന അവന്റെ അഭിലാഷം ഏതാണ്ടു പൊലിഞ്ഞു തുടങ്ങി. അങ്ങനെ മനസ്സിൽ നീറുന്ന മോഹവുമായി നടന്മാരെ വേട്ടയാടി നടന്ന അവൻ ചെന്നെത്തിയതു ഒരു പഴയ സിംഹത്തിന്റെ മടയിൽ....!@# സോറി...റിപ്പീറ്റ്.....

അങ്ങനെ മനസ്സിൽ നീറുന്ന മോഹവുമായി നടന്മാരെ വേട്ടയാടി നടന്ന സമയത്ത് ഒരിക്കൽ അവൻ എന്റെ കാട്ടിലും എത്തി.
എടുത്തു ചാട്ടം കൂടെപ്പിറപ്പായ ഇരയെ, “നിന്നെ കൊണ്ടു പറ്റും അളിയാ..” , “ നിനക്കു പറ്റിയ റോളാ...” മുതലായ ചില മാരകായുധങ്ങൾ ഉപയോഗിച്ച് അവൻ വളരെ വേഗം കീഴടക്കി.
ഒരു സിലബസ്സും , കുറേ പഴയ ചോദ്യ പേപ്പറുകളും ഉണ്ടെങ്കിൽ ലോകത്തെ ഏതു പരീക്ഷയും പാസ്സാകാം എന്നെന്നെ പഠിപ്പിച്ച എഞ്ജിനിയിറിങ്ങ് ബുദ്ധി എന്നോടിങ്ങനെ പറഞ്ഞു...“ഇതു നല്ലൊരു ചാൻസാണു മോനെ..എഴുതി വച്ചിരിക്കുന്ന ടയലോഗുകൾ നൈറ്റ് ഔട്ടിരുന്നു കാണാതെ പഠിച്ചു പറഞ്ഞാൽ ചുളുവിനു ഒരു നാടകാനുഭവം ഒത്തു കിട്ടും...കമോൺ മൈ ബോയ്”. എന്നത്തേയും പോലെ അന്നും ഞാൻ അതനുസരിച്ചു

രംഗം നാടക കളരി...ഒരു പറ്റം നാടകദാഹികൾ ആദ്യമായി ഒത്തുകൂടിയ ദിവസം..മത്സരത്തിനു ഇനി ഒരാഴ്ച കൂടി മാത്രം..

“എന്നാൽ നമുക്കു ടയലോഗുകൾ പഠിച്ചു തുടങ്ങാം ബോയ്സ്.....” എന്നു ഞാൻ....
അപ്പോൾ പ്രസാദ് “അതിനു സ്ക്രിപ്റ്റ് എവിടെ??”

അപ്പോൾ ഞാൻ “അപ്പോൾ സ്ക്രിപ്റ്റ് ഇല്ലേ...?”

അപ്പോൾ പ്രസാദ് “സ്ക്രിപ്റ്റ് ഉണ്ടായിരുന്നു...പിന്നെ വേണ്ടെന്നു വച്ചു....” (കടപ്പാട്: ശ്രീ ശ്രീനിവാസൻ)

അപ്പോൾ ഞാൻ “എന്നു വച്ചാ??”

അപ്പോൾ പ്രസാദ് “അതൊരു സ്ഥിരം കഥയാണളിയാ... ‘ദി ലാസ്റ്റ് സപ്പർ‘ ... ഞാ‍ൻ തന്നെ ഇതു എത്രയോ തവണ സ്ക്കൂളിൽ കളിച്ചിട്ടിട്ടുണ്ട്....നമ്മുടെ കോളേജിൽ പിടിച്ചു നിൽക്കാൻ ഇതു മതിയായിരുന്നു...പക്ഷെ ഇനി അങ്ങോട്ട് ഇതു ഓടത്തില്ല....”

പിന്നെ അവർ പുതിയ ഐഡിയകളെ കുറിച്ചുള്ള ചർച്ചകളിൽ മുഴുകി....എന്റെ മനസ്സ് എന്തോ ലാസ്റ്റ് സപ്പറിൽ തന്നെ ഉടക്കി നിന്നു...നല്ല വിശപ്പുണ്ടായിരുന്നതു കൊണ്ടാവണം.

മേശപ്പുറത്തിരുന്ന പുസ്തകം തുറന്നു ഞാൻ വെറുതേ പേജുകൾ മറിച്ചു.....
പേജ് ഒന്ന്
prasad menonVII-B

രണ്ടാം പേജിൽ വടിവൊത്ത അക്ഷരങ്ങളിൽ ... ‘ദി ലാസ്റ്റ് സപ്പർ’
ഞാൻ അത്താഴത്തിനിരുന്നു........

‘ലാസ്റ്റ് സപ്പർ‘ പെയിന്റിങ്ങ് പൂർത്തിയാക്കാനായി യൂദാസിന്റെ മുഖമുള്ള ഒരാളെ തപ്പി നടന്ന സാക്ഷാൽ മൈക്കൾ ആഞ്ചലോ ഒടുവിൽ ഒരു തടവുപുള്ളിയിൽ ആ മുഖം കണ്ടെത്തുന്നു. പിന്നിട് ആ മുഖം സ്കെച്ച് ചെയ്യ്തു കൊണ്ടിരുന്ന വേളയില് , “ഇതേ മുഖത്തിന്റെ പിഞ്ചു വേർഷ്ൻ യൂസ് ചെയ്താണല്ലോ ഈശ്വരാ ഞാൻ പണ്ടു ദൈവപുത്രന്റെ മുഖം വരച്ചതു....” എന്നു റിയലൈസ് ചെയ്യുന്നു.

തുടർന്ന് , കാലം മനുഷ്യനെ കൊണ്ടു കെട്ടിക്കുന്ന കോലങ്ങളെ കുറിചു കടിച്ചാൽ പൊട്ടാത്ത ഭാഷയിൽ പാവം തടവുപുള്ളിയോട് Mr ആഞ്ചലോ പറയുന്ന ഒരുപാടു സെന്റ്റി ടയലോഗുകൾ , അതായിരുന്നു പിന്നീടുള്ള പേജുകളിൽ

ഇടയ്ക്കു എപ്പോഴോ ഒരു നിരൂപകനും,സന്യാസിയും കള്ളനും തലയിൽ മുണ്ടും ഇട്ട്
പിൻ വാതിലിലൂടെ ഇറങ്ങി ഓടുന്നതു ഞാൻ കണ്ടെങ്കിലും കണ്ടില്ലെന്നു നടിച്ചു......

( ചിലപ്പോൾ തുടർന്നേക്കും........ )